ശബരിമല പൂജാദ്രവ്യങ്ങൾ ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രം; ചിങ്ങമാസ പൂജ മുതൽ പുതിയ പരിഷ്കാരം

ശബരിമല ദർശനത്തിന് അച്ഛനോടൊപ്പം എത്തിയ 12കാരിയെ തടഞ്ഞു

കൊച്ചി: ശബരിമല സന്നിധാനത്ത് അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കുമായി പൂജാദ്രവ്യങ്ങൾ വാങ്ങുന്നതിലും സംഭരിക്കുന്നതിലും വൻ പരിഷ്കാരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനിമുതൽ പൂജാദ്രവ്യങ്ങൾ സെൻട്രൽ സ്റ്റോർ വഴി മാത്രമായിരിക്കും വാങ്ങുകയും സംഭരിക്കുകയും ചെയ്യുകയെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ചിങ്ങമാസ പൂജകൾ മുതൽ ഈ പുതിയ രീതി നടപ്പിലാക്കും.

​ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിന്റെ ഈ നിർണ്ണായക തീരുമാനത്തിന് അംഗീകാരം നൽകി.

​സെൻട്രൽ സ്റ്റോറിലെ മുഴുവൻ ഇടപാടുകളും പ്രവർത്തനങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. വഴിപാടുകൾക്കും പൂജകൾക്കുമായി ഭക്തരും സ്പോൺസർമാരും നൽകുന്ന സാധനങ്ങളും ഇനി നേരിട്ട് സ്വീകരിക്കില്ല; ഇവയും സെൻട്രൽ സ്റ്റോർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. സാധനങ്ങൾ കൈപ്പറ്റുമ്പോൾ സ്പോൺസർമാർക്ക് ഔദ്യോഗിക രസീത് നൽകും. തുടർന്ന്, സന്നിധാനത്തുള്ള ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷമേ ഈ സാധനങ്ങൾ പൂജകൾക്കായി ഉപയോഗിക്കുകയുള്ളൂ.

​മുമ്പ് സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തന്നെ സപ്ലയറായി പ്രവർത്തിച്ചിരുന്ന രീതി പൂർണ്ണമായും നിർത്തലാക്കിയതിനെയും പുതിയ സുതാര്യമായ രീതി കൊണ്ടുവന്നതിനെയും ഹൈക്കോടതി പ്രത്യേകം പ്രശംസിച്ചു.

Tags

Share this story