കാവി മാത്രം അനുവദിക്കില്ല; വര്‍ണ്ണനിറങ്ങള്‍കൂടി വേണമെന്ന് പോലീസ് സര്‍ക്കുലര്‍; അമിതാധികാരം കയ്യില്‍വെച്ചാല്‍ മതിയെന്ന് ബിജെപി; വെള്ളായണിക്ഷേത്ര ഉത്സവം വിവാദത്തില്‍

Vellayani

തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ സർക്കുലര്‍ വിവാദത്തില്‍. ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരേ നിറത്തിലുള്ള കൊടി മാത്രം ഉപയോഗിക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ നിക്ഷ്പക്ഷത പുലര്‍ത്തുന്ന വിധത്തില്‍ അലങ്കാരങ്ങള്‍ വേണമെന്നാണ്  സര്‍ക്കുലറില്‍ പറയുന്നത്. ഇതാണ് സര്‍ക്കുലര്‍ വിവാദമാകാന്‍ കാരണം. 

ഒരു നിറത്തിലുള്ള കൊടി മാത്രം ഉപയോഗിച്ചാൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും അതിനാല്‍  കൊടി തോരണങ്ങളിൽ വർണ്ണ നിറങ്ങൾ വേണമെന്നുമാണ് പോലീസിന്റെ നിർദ്ദേശം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ഉത്സവ കമ്മിറ്റിയും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും.  ഹിന്ദു ആചാരം ലംഘിക്കാനുള്ള  ബോധപൂർവ്വ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി  ക്ഷേത്ര അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. കാവിയ്ക്ക് ക്ഷേത്രങ്ങളില്‍ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് കാവിക്കൊടി ഉയര്‍ത്തിയത് എന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. 

കാവിക്കൊടി വെള്ളായണി ദേവീക്ഷേത്രത്തില്‍  ഉയര്‍ത്തിയതിന് എതിരെയാണ്    സിപിഎം അടക്കമുള്ള ഒരു വിഭാഗം രംഗത്ത് വന്നത്. വിശ്വാസത്തിൻറെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് എന്നാണ് സിപിഎം ആക്ഷേപം. എന്നാല്‍  ഉത്സവത്തോടനുബന്ധിച്ച്   കാവിക്കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂർവ്വ നീക്കമാണ് നടക്കുന്നതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ  ആരോപണം.

''ഉത്സവം നടത്തുന്നത് ക്ഷേത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ്. പരമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചുള്ള കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടത്തുന്നത്. അതിനെ തടസപ്പെടുത്താനുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും വരേണ്ടതില്ല. ഉത്സവം കഴിയാതെ തോരണങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രതികരിക്കുന്നത്.  

കാർഷിക സംസ്കൃതിയുടെ പൈതൃകം പേറി 850 വർഷത്തിലേറെയായി നിലനിൽക്കുന്ന ക്ഷേത്രമാണ് വെള്ളായണി ദേവീക്ഷേത്രം. ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ടാണ് വിവാദം തലപൊക്കുന്നത്.   ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനമായ  കാളിയൂട്ട് മഹോത്സവത്തിന്റെ ദിക്കുബലി തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പോലീസിന്റെ സർക്കുലർ വന്നിരിക്കുന്നത്

Share this story