എംജി സർവകലാശാല സെനറ്റിൽ 'കാവിവൽക്കരണം'; ബിജെപി-സംഘപരിവാർ പശ്ചാത്തലമുള്ളവരെ കുത്തിനിറച്ച് ഗവർണറുടെ നാമനിർദ്ദേശം

MG Gov

കോട്ടയം: മഹാത്മാഗാന്ധി (എംജി) സർവകലാശാല സെനറ്റ് പുനഃസംഘടനയെച്ചൊല്ലി വൻ വിവാദം. ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം ചെയ്ത പുതിയ സെനറ്റ് അംഗങ്ങളിൽ ഭൂരിഭാഗവും ബിജെപി-സംഘപരിവാർ പശ്ചാത്തലമുള്ളവരാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സർവകലാശാലകളിൽ വലിയ തോതിൽ കാവിവൽക്കരണം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് വിവിധ ഇടത്, വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

​30 അംഗ സെനറ്റിലേക്ക് 19 പേരെയാണ് ഗവർണർ പുതുതായി നാമനിർദ്ദേശം ചെയ്ത് വിജ്ഞാപനം ഇറക്കിയത്. ഇതിൽ എഴുത്തുകാരുടെ വിഭാഗത്തിൽ ബിജെപി ദേശീയ സമിതിയംഗം ജെ. പ്രമീളാദേവി, അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹിയും ആർഎസ്എസ് സജീവ പ്രവർത്തകനുമായ എൻ. ശങ്കർരാമൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവരാണ് ഉൾപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ കോട്ടയിൽ ഉൾപ്പെടുത്തിയ ആളും സംഘപരിവാർ അനുഭാവിയാണെന്ന് ആരോപണമുണ്ട്.

​സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകർക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുമുള്ള ഗവർണറുടെ ഏകപക്ഷീയമായ നീക്കമാണിതെന്നാണ് വിമർശനം. മുൻപ് ഇത്തരത്തിൽ മറ്റ് സർവകലാശാലകളിലും സമാനമായ നാമനിർദ്ദേശങ്ങൾ നടത്തിയത് വലിയ നിയമപോരാട്ടങ്ങൾക്കും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. എംജി സർവകലാശാലയിലും ഗവർണറുടെ ഈ പുതിയ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് ഇടതുപക്ഷ സംഘടനകളുടെ തീരുമാനം.

Tags

Share this story