മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും
Sep 8, 2025, 10:16 IST

ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. എളമക്കര പോലീസ് മുംബൈയിലെത്തി ഇന്നലെ രാത്രി സനൽകുമാറിനെ കസ്റ്റഡിയിലെടുത്തു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയത്
ഇന്നലെ പുലർച്ചെ നാല് മണിയോടെ മുംബൈയിലെത്തിയ സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് സഹാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്
കേസെടുക്കുന്ന സമയത്ത് സനൽകുമാർ യുഎസിൽ ആയിരുന്നു. തുടർന്നാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. നടിയെ പരാമർശിച്ചും ടാഗ് ചെയ്തും നിരവധി പോസ്റ്റുകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.