പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോയെന്ന് സന്ദീപ്; ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാ വിധി 21ന്
ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷാവിധിയിലുള്ള വാദം പൂർത്തിയായി. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു.
അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങൾ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് കയ്യിൽ പിടിച്ച് തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
