വിശ്വ കിരീടം ജയിച്ച സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ

sanju

ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയ മലയാളി താരം സഞ്ജു സാംസണ് ഔദ്യോഗിക സ്വീകരണം നൽകാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് വെച്ചായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടി20 ലോകകപ്പ് സെമിയിലും ഫൈനലിലും ക്വാർട്ടർ ഫൈനലോളം നിർണായകമായ സൂപ്പർ എട്ടിലെ അവസാന മത്സരത്തിലും അർധസെഞ്ച്വറി നേടിയ സഞ്ജുവാണ് ടീമിന് നട്ടെല്ലായി മാറിയത്

മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയ വഴിയാണ് സഞ്ജുവിന് സ്വീകരണം നൽകുന്ന കാര്യം അറിയിച്ചത്. ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ വിജയ ശിൽപ്പിയും പ്ലെയർ ഓഫ് ദ ടൂർണമെന്റുമായ മലയാളികളുടെ അഭിമാനമായ ശ്രീ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തുപരത്ത് നൽകും എന്നാണ് മന്ത്രിയുടെ പോസ്റ്റ്

ലോകകപ്പിൽ വെറും 5 മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 5 മത്സരങ്ങളിൽ നിന്നായി 321 റൺസാണ് സഞ്ജു നേടിയത്. ഒരു ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും, ഒരു ലോകകപ്പിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കിയിരുന്നു.
 

Tags

Share this story