സഞ്ജു ടെക്കിയുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും; വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കും. പിഴ ഈടാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു

സഞ്ജു, വാഹനമോടിച്ച സൂര്യനാരായണൻ എന്നിവരെ പ്രതി ചേർത്ത് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ആർടിഒ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.  ആറ് മാസം മുതൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
 

Share this story