സതീശൻ കഥ മെനയുകയാണ്; ചവിട്ടിയെങ്കിൽ തെളിവ് പുറത്തുവിടണം: സച്ചിൻദേവും സലാമും

sachin

ഭരണപക്ഷ എംഎൽഎമാർ തന്നെ ആക്രമിച്ചിട്ടില്ലെന്ന് കെകെ രമ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എംഎൽഎമാരായ എച്ച് സലാമും സച്ചിൻ ദേവും. നിയമസഭയിൽ നടന്ന സംഘർഷത്തിനിടെ പ്രതിപക്ഷ എംഎൽഎമാരെ മർദിച്ചെന്ന പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. സനീഷ് ജോസഫ് എംഎൽഎയുടെ പരാതിയിലാണ് കേസ്

ഭരണപക്ഷ എംഎൽഎമാർ ആക്രമിച്ചോയെന്ന ചോദ്യത്തിന് അങ്ങനെയുണ്ടായിട്ടില്ലെന്നാണ് കെ കെ രമ മറുപടി പറഞ്ഞത്. സനീഷ്‌കുമാറിനെ ചവിട്ടിയതായി പറയുന്നത് കേട്ടുവെന്നും എന്നാൽ കണ്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആക്രമണം നടന്നിരുന്നുവെങ്കിൽ രമ അപ്പോൾ പറയുമായിരുന്നു

പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ എച്ച് സലാമോ സച്ചിൻദേവോ ചവിട്ടിയതായി രമ പറഞ്ഞിട്ടില്ല. 99 ഭരണപക്ഷ എംഎൽഎമാരിൽ ആരെങ്കിലും ചവിട്ടിയെങ്കിൽ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണം. വാച്ച് ആൻഡ് വാർഡിന്റെ പരുക്കും പ്രതിപക്ഷ എംഎൽഎമാരുടെ പരുക്കും മാധ്യമങ്ങൾ താരതമ്യം ചെയ്യണം. വാച്ച് ആൻഡ് വാർഡിന്റെ പരുക്ക് ഗുരുതരമായതിനാൽ രജിസ്റ്റർ ചെയ്ത കേസിന്റെ വകുപ്പിലും വ്യത്യാസമുണ്ടാകും. 

പ്രതിപക്ഷ നേതാവ് സതീശൻ കഥ മെനയുകയാണ്. രമയുടെ പരുക്ക് വ്യാജമാണെന്നോ അല്ലെന്നോ ഭരണപക്ഷം പറയുന്നില്ല. ആശുപത്രി രേഖകൾ പോലീസും മാധ്യമങ്ങളും പരിശോധിക്കട്ടെയെന്നും എംഎൽഎമാർ പറഞ്ഞു
 

Share this story