സതീശൻ നേമത്ത് മത്സരിക്കാത്തത് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതിനാൽ: മന്ത്രി ശിവൻകുട്ടി
ബിജെപിയുമായി കച്ചവടം ഉറപ്പിച്ചത് കൊണ്ടാണ് നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി. പറവൂരിലെ ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടു. ശശി തരൂർ ഉടൻ കോൺഗ്രസ് വിടുമെന്നും മന്ത്രി പറഞ്ഞു. അധികകാലം കോൺഗ്രസിൽ നിൽക്കാൻ ശശി തരൂരിന് കഴിയില്ല. വ്യവസായിയെ വിട്ട് സിപിഎം ചർച്ച നടത്തിയിട്ടില്ല. നേരിട്ട് ചർച്ച നടത്താൻ സിപിഎമ്മിന് അറിയാമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
വ്യക്തിപരമായി പ്രതിപക്ഷ നേതാവിനോട് തനിക്ക് വിരോധമൊന്നുമില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാലും സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നടത്തിയ ഇകഴ്ത്തൽ പ്രസംഗം എങ്ങനെയാണ് ജനങ്ങൾ സ്വീകരിച്ചതെന്ന് രണ്ട് ദിവസമായി അദ്ദേഹം രുചിച്ച് അറിഞ്ഞു കൊണ്ടിരിക്കുകയാണ്.
ബിജെപിക്കെതിരെ ഞാൻ നടത്തിവരുന്ന പോരാട്ടത്തെ കുറിച്ച് എല്ലാവർക്കും അറിയാം. രണ്ട് തവണ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ ആളാണ് ഞാൻ. ന്നെിട്ടും എന്നെ സംഘിക്കുട്ടിയെന്നാണ് വിളിച്ചത്. പ്രതിപക്ഷ നേതാവിന് ബിജെപിയോടുള്ള രോഷം തീർക്കാൻ നേമത്ത് മത്സരിച്ച് വിജയിക്കുകയല്ലേ വേണ്ടതെന്നും മന്ത്രി ചോദിച്ചു.
