സത്യഭാമയുടെ വർണ, ജാതി വെറി പരാമർശം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. നേരത്തെ മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമിയും പരാതി നൽകിയിരുന്നു. രാമകൃഷ്ണനെതിരെ വർണ ജാതി വെറിയാണ് സത്യഭാമ പ്രകടിപ്പിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ ഇവർ ഇതേ അധിക്ഷേപം ആവർത്തിക്കുകയും ചെയ്തിരുന്നു

മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടാൽ കാക്കയുടെ നിറമാണ്. ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു സത്യഭാമയുടെ അധിക്ഷേപം.
 

Share this story