സത്യനാഥന്‍ വധം; ആയുധം കണ്ടെത്തി: പ്രത്യേക സംഘം അന്വേഷിക്കും

Dead

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെ സത്യനാഥന് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് അംഗം പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അയൽവാസി കൂടിയായ അഭിലാഷിനെ പാർട്ടിയിലെത്തിച്ചത് സത്യനാഥനാണ്.

സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൃത്യം നടന്ന സ്ഥലത്തിനടുത്തു നിന്ന് കണ്ടെത്തി. കൊലയ്ക്കു കാരണം വ്യക്തിവിരോധമെന്ന് അഭിലാഷ് പൊലീസിന് മൊഴി നൽകി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപേഴ്സന്‍റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്. എന്നാൽ, ഇയാൾ ഇപ്പോൾ സിപിഎം പ്രവർത്തകനാണെന്ന വാർത്തകൾ തള്ളി പാർട്ടി രംഗത്തെത്തി. കൊലപാതകി സിപിഎം പ്രവർത്തകനാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സിപിഎം ഏരിയ കമ്മറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.

"അഭിലാഷ് സിപിഎം പ്രവർത്തകനല്ല. എട്ടു വർഷങ്ങൾക്ക് മുൻപ് സിപിഎം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭാ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു''- സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

അഭിലാഷിനെ സിപിഎം പുറത്താക്കിയതാണെന്നും സത്യനാഥന്‍റെ ജീവനെടുക്കാന്‍ മാത്രം വ്യക്തിവൈരാഗ്യം എന്താണെന്നറിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ നാട്ടുകാർക്കു മുന്നിൽ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി വൈകീട്ട് മൂന്നരയ്ക്കു കൊയിലാണ്ടിയിലെച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിപിഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചു. സിപിഎം ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

Share this story