സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും: ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വോനലവധിക്ക് ശേഷം സ്കൂളുകൾ ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഉന്നത തലയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

ഗോത്ര വിദ്യാഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്‍റർ ടീച്ചര്‍മാര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ന്‍ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share this story