വന്യജീവി സംഘർഷം തടയാനായി ശാസ്ത്രീയ പഠനം നടത്തും; വനംവകുപ്പ് ജീവനക്കാർ രാപ്പകൽ അധ്വാനിക്കുന്നു

saseendran

വന്യ ജീവി ശല്യം തടയാനുള്ള സർക്കാർ നടപടികളെ ന്യായീകരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സർക്കാർ നടപടികൾ വിലയിരുത്താതെ പരാജയം എന്ന് വിലയിരുത്തുന്നത് ശരിയല്ല. കേരളത്തിന്റെ മാത്രം തീരുമാന പരിധിയിൽ അല്ല കാര്യങ്ങളെല്ലാം. 

വന്യജീവി സംഘർഷം എങ്ങനെ തടയാമെന്നതിൽ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ രാപ്പകൽ അധ്വാനിക്കുന്നുണ്ട്. അവരുടെ ആത്മവീര്യം കെടുത്തരുത്. ചിന്നക്കനാലിൽ ശക്തിവേൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ദാരുണ സംഭവമാണ്. വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ മകന് വനംവകുപ്പിൽ ജോലി നൽകും. നിയമസഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു

എന്നാൽ മന്ത്രി ലാഘവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സണ്ണി ജോസഫ് പറഞ്ഞു. തോമസിന്റെ മരണം തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതു കൊണ്ടാണ്. 2021 മുതൽ വന്യ ജീവി ആക്രമണത്തിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നില്ല. വനംമന്ത്രി ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
 

Share this story