രോഗിയുടെ വയറ്റിൽ കത്രിക: കേസെടുത്ത് പോലീസ്, ഡോ. ലളിതാംബികയെ പ്രതി ചേർത്തു
Feb 21, 2026, 08:03 IST
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റുള്ളവരെയോ പ്രതി ചേർത്തിട്ടില്ല
മനുഷ്യ ജീവനും വ്യക്തിസുരക്ഷക്കും അപകടകരമാംവിധം പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. രോഗിയായ ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. കേസിൽ കൂടുതൽ പ്രതി ചേർക്കുമെന്നാണ് വിവരം
അതേസമയം ഉഷയുടെ പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസർ ധന്യയെയും ഇന്നലെ രാത്രി സസ്‌പെൻഡ് ചെയ്തിരുന്നു
