മുസ്ലിം ലീഗിൽ സീറ്റ് ചർച്ചകൾക്ക് തുടക്കം; 5 സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കില്ല
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീം ലീഗിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചു. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഒവിവാകുമെന്നാണ് സൂചന. പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറിയേക്കും. പികെ ബഷീർ ഏറനാട് നിന്നും മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. കെപിഎ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻഎ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല
എംകെ മുനീറിനെ മത്സരിപ്പിക്കണോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന് സാദിഖലി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ പിഎംഎ സലാമിനെയും പരിഗണിക്കുന്നുണ്ട്
കെഎം ഷാജി കാസർകോടും പികെ ഫിറോസ് കുന്ദമംഗലത്തും മത്സരിക്കാനാണ് സാധ്യത. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള തന്നെ സ്ഥാനാർഥിയാകും. നജീബ് കാന്തപുരവും എൻ ഷംസുദ്ദീനും വീണ്ടും മത്സരിക്കും. പേരാമ്പ്രയിൽ ടിടി ഇസ്മായിലിന്റെ പേരാണ് പരിഗണിക്കുന്നത്. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മങ്കടയിൽ മഞ്ഞളാംകുഴി അലിയും മത്സരിച്ചേക്കും.
