സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ: പലയിടത്തും മെഷീൻ തകരാർ
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളാണ്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ പലയിടത്തും മെഷീൻ തകരാറിലായി.
സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാഴാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് .ആകെ 38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
