രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയായ 23കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. പോലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഈ കേസിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല
ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാത്തതിനാൽ പോലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി 15ാം തീയതി വരെയാണ് അറസ്റ്റ് തടഞ്ഞത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകുകയായിരുന്നു
പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.
