മുസ്ലീം ലീഗിൽ 'സീനിയർ' ഇളവ്; മൂന്ന് ടേം വ്യവസ്ഥയിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇളവ് നൽകാൻ തീരുമാനം
മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തം. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പിഎംഎ സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം. എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എം.എൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും.
ലീഗ് മലപ്പുറം ജില്ല ഓർഗാനിസിങ് സെക്രട്ടറി ഇസ്മായിൽ മൂത്തേടത്തിനാണ് എറനാട് സാധ്യത. കഴിഞ്ഞ തവണ താനൂരിൽ മത്സരിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കുന്ദമംഗലത്തേക്ക് മാറുമെന്ന് കേൾക്കുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നാവാസിന്റെ പേരാണ് താനൂരിൽ ഉയർന്നു കേൾക്കുന്നത്. എൻ.എ നെല്ലിക്കുന്ന്, കെപിഎ മജീദ്, പി.ഉബൈദുള്ള എന്നിവരും ഒരു ടെം പൂർത്തിയാക്കിയ യു.എ ലത്തീഫും ഇത്തവണ മാറി നിൽക്കും.
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരംപുരം, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂരിൽ കുറുക്കോളി മൊയ്തീൻ എന്നിവർ തുടരാൻ സാധ്യത ഉണ്ട്. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫ് അലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ചന്ദ്രിക ഫിനാൻസ് ഡയറക്ടറും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എം.എ സമീർ എന്നിവരുടെ പേരും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്നതായി സൂചനകൾ ഉണ്ട്.
