അരും കൊലയ്ക്കുള്ള ശിക്ഷാവിധി തിങ്കളാഴ്ച; ഒന്നും പറയാനില്ലെന്ന് പ്രതി ശ്യാംജിത്ത്

vishnupriya

പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് വിധിച്ചത്. 

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതി ശ്യാംജിത്തിന്റെ മറുപടി. 2022 ഒക്ടോബർ 22 നായിരുന്നു പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ (23) പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

സംഭവത്തിൽ മണിക്കൂറുകൾക്കകം മാനന്തേരിയിലെ താഴെകളത്തിൽ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നിരസിച്ചയിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. ബാഗിൽ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകൾക്കും പരിക്കേൽപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Share this story