ഏഴ് വയസുകാരിയെ പട്ടിണിക്കിട്ട് കൊന്ന കേസ്: പ്രതികളായ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവുശിക്ഷ
കോഴിക്കോട് ഏഴ് വയസുകാരി അതിഥി എസ് നമ്പൂതിരിയെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അതിഥിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും രണ്ടാനമ്മയുമായ ദേവിക അന്തർജനം(റംല ബീഗം) എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി
വിചാരണ കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഇരുവരെയും ഇന്നലെ രാത്രിയോടെ നടക്കാവ് പോലീസ് രാമനാട്ടുകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. 2013 ഏപ്രിൽ 29നാണ് തിരുവമ്പാടി തട്ടേക്കാട് ഇല്ലത്ത് അതിഥി എസ് നമ്പൂതിരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്
അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസും പ്രോസിക്യൂഷന്റെയും നിലപാട്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. എന്നാൽ വിചാരണ കോടതിയിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതികൾക്ക് യഥാക്രമം രണ്ടും മൂന്നും വർഷം കഠിന തടവ് മാത്രമാണ് വിചാരണ കോടതി വിധിച്ചത്. എന്നാൽ ഇതാണ് ഹൈക്കോടതി ഉത്തരവിൽ മാറിയത്.
