ആറന്മുളയില്‍ അതീവ ഗുരുതര സാഹചര്യം, റോഡുകള്‍ വെള്ളത്തില്‍; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും

ആറൻമുള

പത്തനംതിട്ട: കനത്ത മഴയില്‍ ആറന്മുളയില്‍ അതീവ ഗുരുത സാഹചര്യം. പ്രളയ സമാന സാഹചര്യമാണ് നിലവില്‍ ആറന്മുളയില്‍. റോഡുകളിലെല്ലാം വെള്ളം കയറി. ആറന്മുള ക്ഷേത്ര പരിസരത്ത് വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മുട്ടിന് മുകളിൽ വെള്ളമുണ്ട്. മന്ത്രി പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയും സ്ഥലത്തുണ്ട്. അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിട്ടുണ്ട്.

വെള്ളം കയറുന്നതിന് അനുസരിച്ച് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ വെള്ളം കുറയുമ്പോള്‍ ആറന്മുളയില്‍ വെള്ളം കൂടുന്ന ഒരു സാഹചര്യമുണ്ട്. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥിന് പുറമേ തിരുവനന്തപുരത്ത് സി പി ജോണും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.

അതിനിടെ മഴയുമായി ബന്ധപ്പെട്ട നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Tags

Share this story