ലൈംഗികാതിക്രമ കേസ്; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്: രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി.
നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന്‍ ചിറ്റും നല്‍കി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ്.
അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍കാനാണ് തീരുമാനം.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
നിലവില്‍ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
