മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ; കാലടി സംസ്കൃത സർവകലാശാലയിൽ ഉടൻ നിരാഹാര സമരം തുടങ്ങാൻ വിദ്യാർത്ഥികൾ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിഷയങ്ങളിൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്. സഞ്ജീവ്. മാപ്പ് പറയൽ കീഴടങ്ങലാകും. വിദ്യാർത്ഥികൾ നിരാഹാര സമരം ഉടൻ തുടങ്ങുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. 12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമാകും തിരിച്ചെടുക്കുക. വിഷയത്തിൽ കോടതിയുടെ തീരുമാനം നാളെയാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറും വിദ്യാർഥികളുടെ തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്.
സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 64 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. അതേസമയം കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികൾ, ഉടൻ നിരാഹാര സമരവും തുടങ്ങും. സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്റെ റിപ്പോർട്ടും അതിനിടെ എസ് എഫ് ഐ നേതാക്കൾ പുറത്തുവിട്ടിരുന്നു.
