ഷാരോൺ വധക്കേസ്: അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്

നേരത്തെ ഇതേ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. 

സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. പിന്നാലെയാണ് വിഷം നൽകി കൊല്ലാൻ തീരുമാനിച്ചത്. 2022 ഒക്ടോബർ 14ന് സെക്‌സ് ചാറ്റ് നടത്തി ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു

ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി. പിന്നീട് ശാരീകാസ്വസ്ഥതകളോടെ തിരിച്ചെത്തിയ ഷാരോൺ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. ഒക്ടോബർ 25നാണ് ഷാരോൺ ചികിത്സക്കിടെ മരിക്കുന്നത്.
 

Share this story