ബിജെപി ആശയത്തിനുള്ള പിന്തുണയാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രി റിയാസ്

കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും ഡികെ ശിവകുമാറിനുമെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി, ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ട്. മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടുവെക്കേണ്ടത്. ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രമായിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും റിയാസ് പറഞ്ഞു

ഡികെ ശിവകുമാറും ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിച്ചേർക്കാൻ നോക്കുന്നു എന്നതാണ് പ്രശ്‌നം. ഈ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടലാണ് കോൺഗ്രസ് നേതാക്കളുടെ പിന്തുണ. കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നുവെങ്കിൽ ഒരാഴ്ച ലീവ് കൊടുത്തേനെയെന്നും റിയാസ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ ആവർത്തിച്ച് പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. രാഷ്ട്രീയത്തിനല്ല. തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാൽ ബോധപൂർവമാണ് സിയറാം എന്ന് എഴുതിയത്. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം. നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ടു കൊടുക്കുമോയെന്നും ശശി തരൂർ ചോദിച്ചു


വിശ്വാസികൾക്കും വിശ്വസിക്കാൻ അവകാശമുണ്ട്. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എസ്എഫ്‌ഐക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ തരൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. 

Share this story