സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ ആശങ്കയുണർത്തി ഷിഗെല്ല മരണം. മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനി സരോജിനി (59) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇവരുടെ അന്ത്യം.
മരണശേഷമുള്ള ഔദ്യോഗിക സ്രവ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം മാരകമായ ഷിഗെല്ല ബാക്ടീരിയ ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കടുത്ത വയറിളക്കത്തെ തുടർന്ന് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ
മലപ്പുറം ജില്ലയിൽ നിലവിൽ രണ്ട് പേർ കൂടി ഷിഗെല്ല ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പെരിന്തൽമണ്ണയിലും കീഴാറ്റൂർ മേഖലയിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളായ കിണറുകളും പൊതുടാങ്കുകളും അടിയന്തരമായി സൂപ്പർ ക്ലോറിനേഷൻ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കി.
ഷിഗെല്ല: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം കർശനമായി പാലിക്കുക.
കടുത്ത വയറിളക്കം, മലത്തോടൊപ്പം രക്തവും കഫവും പുറത്തുപോവുക,
വിട്ടുമാറാത്ത പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
