വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; ജില്ലയിൽ രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം എട്ടായി

Shihalla

വയനാട്: വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. നേരത്തെ, ഷിഗെല്ല സ്ഥിരീകരിച്ച കോളിയാട് മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥിനികൾക്ക് തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ, ജില്ലയിൽ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി. 5,7,8,9,11 എന്നീ പ്രായമുള്ള വിദ്യാർഥിനികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ രോഗം ബാധിച്ച എട്ട് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി കുറച്ച് വിദ്യാർഥികളുടെ കൂടി പരിശോധനാഫലമാണ് ലഭിക്കാനിരുന്നത്. ഇതിൽ പെട്ട വിദ്യാർഥിനികളുടെ പരിശോധനാഫലങ്ങളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിക്കപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സ്കൂളിലെ കുട്ടികൾക്ക് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കൂടുതൽ കുട്ടികൾ ആശുപത്രിയിൽ എത്തുകയും, തുടർന്ന് ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിന്റെ ഭാഗമായി സ്കൂളിലെ കുടിവെള്ളം, ഭക്ഷണം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റ് ഉറവിടങ്ങളിൽ നിന്നാണോ രോഗം പകർന്നത് എന്ന കാര്യവും വിശദമായി പരിശോധിച്ചു വരികയാണ്.

രോഗവ്യാപനം തടയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഉന്നത ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം, ഡിഎംഒ, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ബത്തേരിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കുമായി രംഗത്തുണ്ട്. ഉന്നതതല യോഗത്തിൽ കൂടുതൽ കുട്ടികളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുകയും അടിയന്തര തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

Tags

Share this story