ജോബ് അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സുഹൃത്തിനെ ഷേർളി അറിയിച്ചു; മണിക്കൂറുകൾക്കുള്ളിൽ മരണം
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ജോബുമായി വഴക്കുണ്ടായെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർളി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ രാത്രി തിരികെ വിളിച്ചെങ്കിലും ഷേർളി ഫോൺ എടുക്കാതെ വന്നതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. പോലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പ് മുറിയിൽ ഷേർളിയെ രക്തം വാർന്ന് മരിച്ച നിലയിലും ഹാളിലെ സ്റ്റെയർകെയ്‌സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു
എട്ട് മാസമായി ഷേർളിക്കൊപ്പം ജോബും വീട്ടിൽ താമസമുണ്ടായിരുന്നു. ബന്ധുവാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഭർത്താവ് മരിച്ചതോടെയാണ് ഷേർളി കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. മുക്കാലിയിൽ വാടകയ്ക്ക് താമസിച്ച ശേഷം കുളപ്പുറത്ത് സ്ഥലം വാങ്ങി വീട് വെക്കുകയായിരുന്നു.
