ഷുഹൈബ് വധക്കേസ്: പോലീസ് കാര്യക്ഷമമായാണ് അന്വേഷിച്ചതെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

ഷുഹൈബ് വധക്കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല. ഇപ്പോൾ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോൾ കോടതിയാണ് ആ ഘട്ടത്തിൽ ഇടപെടാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഷുഹൈബ് കേസിലെ പ്രതികളെയും സഹായിച്ചവരെയും പിടികൂടി. കുറ്റവാളികളെ പിടികൂടാൻ ഫലപ്രദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ആരാണ് പ്രതിയെന്നോ അവരുടെ രാഷ്ട്രീയമെന്തെന്നോ നോക്കിയല്ല പൊലീസിന്റെ പ്രവർത്തനം. നിഷ്പക്ഷമായ അന്വേഷണമായിരുന്നു നടന്നതെന്നും നിയമസഭയിൽ പിണറായി വിജയൻ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണമെന്ന നീക്കമുണ്ടായപ്പോൾ സ്വാഭാവികമായാണ് സർക്കാർ അതിനെ ചോദ്യം ചെയ്തത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ആ നീക്കം. ഡിവിഷൻ ബെഞ്ചിൽ സർക്കാർ ഹർജിയുമായി പോയ ആദ്യഘട്ടത്തിൽ തന്നെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. 

സിബിഐക്ക് കൈമാറുന്നതിനാവശ്യമായ വസ്തുതകളൊന്നും തന്നെ കണക്കിലെടുത്തില്ലെന്ന് വിലയിരുത്തിയാണ് കോടതി സ്റ്റേ ചെയ്തത്. അങ്ങനെയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കൾ സുപ്രിംകോടതിയെ സമീപിച്ചത്. പക്ഷേ സുപ്രിംകോടതി ആ ഘട്ടത്തിൽ ഇടപെടാൻ തയ്യാറായില്ല.

കൊല്ലപ്പെട്ട ഷുഹൈബിനോട് കോൺഗ്രസ് നേതാക്കൾക്കുള്ള താത്പര്യം മനസിലാക്കാം. ആ താത്പര്യത്തിന് വിരുദ്ധമായിട്ട് സർക്കാർ എന്താണ് ചെയ്തത്. ഫലപ്രദമായിട്ടല്ലേ കേസ് പൊലീസ് അന്വേഷിച്ചത്. ഷുഹൈബിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ കേസിലും പൊലീസ് അതേ നിലപാടല്ലേ എടുക്കുന്നത്. അതിനെ എങ്ങനെയാണ് കുറ്റം പറയാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു
 

Share this story