സിദ്ധാർഥന്റെ മരണം: കേസ് അട്ടിമറിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് സതീശൻ

satheeshan

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിദ്ധാർഥന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിദ്ധാർഥന്റെ പിതാവ് ജയപ്രകാശുമായി കന്റോൺമെന്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സതീശന്റെ പ്രതികരണം

കൊലയാളികളെ സർക്കാരും പോലീസും സിപിഎം നേതാക്കളും ചേർന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതൽക്കെ ഡീനും പോലീസും ശ്രമിച്ചത്. പ്രതിപക്ഷ സംഘടനകളുടെ സമരത്തെ തുടർന്നാണ് അന്വേഷണം സിബിഐക്ക് സർക്കാർ കൈമാറിയത്

എന്നാൽ കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകൾ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സർവകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിഡിസതീശൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Share this story