സിദ്ധിഖിനെ കാണാതായത് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ട അതേ ദിവസം; ഹണിട്രാപ്പെന്നും സംശയം

sidhique

കോഴിക്കോട്ടെ ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപാടി ചുരത്തിൽ തള്ളിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ട സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ഷിബിലി, ഇയാളുടെ സുഹൃത്ത് ഫർഹാന(18), ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

അട്ടപ്പാടി ചുരത്തിൽ രണ്ട് ട്രോളി ബാഗുകളാണ് കണ്ടെത്തിയത്. ഇതിലുണ്ടായിരുന്നത് സിദ്ധിഖിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്ന് മകൻ തിരിച്ചറിഞ്ഞു. തിരൂർ ഏഴൂർ മേച്ചേരി സ്വദേശിയാണ് 58കാരനായ സിദ്ധിഖ്. എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പാണോ എന്നും പോലീസ് സംശയിക്കുന്നു.

15 ദിവസം മുമ്പാണ് സിദ്ദിഖിന്റെ ഹോട്ടലിൽ ഷിബിലി ജോലിക്കെത്തിയത്. മോശം സ്വഭാവത്തെ തുടർന്ന് മെയ് 18ന് ഇയാളെ പിരിച്ചുവിട്ടു. ഇതേ ദിവസം തന്നെയാണ് സിദ്ധിഖിനെയും കാണാതായത്. ഷിബിലിയെ ശമ്പളം നൽകി പറഞ്ഞുവിട്ട് അര മണിക്കൂറിന് ശേഷം സിദ്ധിഖ് കടയിൽ നിന്ന് പോയിരുന്നു. വൈകുന്നേരം ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോൾ തലശ്ശേരിയിലാണ്, വരാൻ വൈകും, നിങ്ങൾ തന്നെ സാധനങ്ങൾ വാങ്ങിക്കോളൂ എന്നായിരുന്നു മറുപടി.

സിദ്ധിഖിനെ കാണാതായതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പലയിടങ്ങളിൽ നിന്ന് പണം പിൻവലിച്ചിരുന്നതായി മകൻ അറിയിച്ചു. രണ്ട് ലക്ഷത്തോളം രൂപയാണ് എടിഎം വഴി സിദ്ധിഖിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.
 

Share this story