സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പിനിടെ; നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമം, മർദിച്ച് കൊന്നു

sidhique

ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയത് ഹണിട്രാപ്പിനിടയിലെന്ന് പോലീസ്. ഹോട്ടലിൽ മുറിയെടുത്തത് ഇതിനായിരുന്നുവെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് പറഞ്ഞു. പ്രതികളായ ഷിബിലി, ഫർഹാന, ആഷിക്ക് എന്നിവരെ മലപ്പുറം ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് എസ് പി മാധ്യമങ്ങളെ കണ്ടത്

18ാം തീയതിയാണ് ഷൊർണൂരിൽ നിന്ന് ഫർഹാനയും ആഷിക്കും ട്രെയിനിൽ കോഴിക്കോട് എത്തിയത്. ഷിബിലിയടക്കം മൂന്ന് പ്രതികളും സംഭവസ്ഥലത്തുണ്ടായിരുന്നു റൂമെടുത്ത ശേഷം രണ്ട് പേരും സംസാരിക്കവെ സിദ്ധിഖിനെ നഗ്നനായി നിർത്തി ഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചു. ഇതോടെ പ്രതികളുമായുള്ള മൽപ്പിടിത്തത്തിൽ സിദ്ധിഖ് താഴെ വീണു

ഫർഹാന കൊണ്ടുവന്ന ചുറ്റികയെടുത്ത് ഷിബിലി ഈ സമയം സിദ്ധിഖിന്റെ തലയിൽ അടിച്ചു. ആഷിഖ് നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. ഇതിൽ വാരിയെല്ലുകൾ തകർന്നു. തുടർന്ന് മൂന്ന് പേരും ചേർന്ന് സിദ്ധിഖിനെ മർദിച്ച് കൊലപ്പെടുത്തി. കൊലപാതക ശേഷം മാനഞ്ചിറയിൽ പോയി ആദ്യം ഒരു ട്രോളി ബാഗ് വാങ്ങി. അതിൽ മൃതദേഹം കയറാത്തതിനാൽ പിറ്റേദിവസം കട്ടർ വാങ്ങി. തുടർന്ന് തലേന്ന് പോയ അതേ കടയിൽ പോയി ഒരു ട്രോളി ബാഗ് കൂടി വാങ്ങി

ഇതിന് ശേഷം ജി 4 റൂമിലെ കുളിമുറിയിൽ വെച്ച് മൃതദേഹം കഷണങ്ങളാക്കുകയും ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയും ചെയ്തു. പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത് തള്ളി. കാറും ഉപേക്ഷിച്ചു. തുടർന്നാണ് ഷിബിലിയും ഫർഹാനയും ചെന്നൈയിലേക്ക് പോയതെന്നും എസ്പി വിശദീകരിച്ചു.
 

Share this story