SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

SIR

എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അ‍ഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 നാണ് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

Tags

Share this story