ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ്; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

saba

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനോദ സഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിന് വലിയ വാർത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിനായി ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് ലഭിച്ചത്

ഡിജിസിഎയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചതോടെയാണ് ക്ലിയറൻസ് ലഭിച്ചത്. എസ്‌റ്റേറ്റ് യോജ്യമാണെന്ന അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്ത ഘട്ടം. ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

പദ്ധതി നടപ്പായാൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. തിരുവനന്തപുരത്ത് നിന്നും 138 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 113 കിലോമീറ്ററും കോട്ടയത്തേക്ക് 40 കിലോമീറ്ററുമാണുള്ളത്. വിമാനത്താവളത്തിൽ നിന്നും 48 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്.
 

Share this story