നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച ആറ് പശുക്കൾ ചത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ് ചത്തത്. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്.

അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.

കുത്തിവെപ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. 

സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അരളിപൂവ് കഴിച്ച് പശുവും കിടാവും ചത്തത്.

Share this story