കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് തീർഥാടനത്തിന് പോയ സംഘത്തിലെ അഞ്ച് സ്ത്രീകളടക്കം ആറ് പേർ മുങ്ങി

missing

കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് കൃഷിപഠിക്കാൻ പോയ സംഘത്തിലെ ഒരാൾ മുങ്ങിയ വാർത്തക്ക് തൊട്ടുപിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി. തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്ന് ഇസ്രായേലിലേക്ക് പോയ മറ്റൊരു സംഘത്തിലെ അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൂടി കാണാതായി. നാലാഞ്ചിറയിലെ പുരോഹതിനൊപ്പം ഇസ്രായേലിലേക്ക് തീർഥാടനത്തിന് പോയവരെയാണ് കാണാതായത്

കാണാതായവരെല്ലാം തന്നെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്ന് ഫാദർ ജോർജ് ജോഷ്വാ പറഞ്ഞു. 2006 മുതൽ വിവിധ ട്രാവൽ ഏജൻസികളുടെ സഹായത്തോടെ ഫാദർ തീർഥാടനം നടത്തുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ഇത്തവണ യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് ഇസ്രായേലിൽ പ്രവേശിച്ചു. 14ന് വൈകുന്നേരം എൻ കരേം എന്ന ടൂർ സൈറ്റിൽ നിന്ന് മൂന്ന് പേരെയും 15ന് പുലർച്ചെ ബത്‌ലഹേമിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും കാണാതായി.

കാണാതായവരിൽ മൂന്ന് പേർ തിരുവനന്തപുരം സ്വദേശികളും രണ്ട് പേർ കൊല്ലം സ്വദേശികളും ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിയുമാണ്. ഇസ്രായേൽ എമിഗ്രേഷൻ പോലീസിൽ ഇവർ കാണാതായത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന പാസ്‌പോർട്ടുകൾ തിരികെ വാങ്ങാതെയാണ് എല്ലാവരും മുങ്ങിയത്.
 

Share this story