കാൽവഴുതി പുഴയിൽ വീണു; കല്ലടയാറ്റിലൂടെ ഒഴുകിയത് 10 കിലോമീറ്റർ, 64കാരി തിരികെ ജീവിതത്തിലേക്ക്

തുണി അലക്കുന്നതിനിടെ കാൽ വഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മ ഒഴുകി പോയത് പത്ത് കിലോമീറ്ററോളം ദൂരം. ഒടുവിൽ വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന വീട്ടമ്മയുടെ നിലവിളി കേട്ട നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുളക്കട മനോജ് ഭവനിൽ ശ്യാമളയമ്മ എന്ന 64കാരി മരണത്തെ മുഖാമുഖം കണ്ട് ഒടുവിൽ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു

വീടിന് സമീപത്തെ കടവിൽ തുണി കഴുകാനെത്തിയപ്പോഴാണ് കാൽ വഴുതി ആറ്റിൽ വീണത്. നീന്തൽ അറിയില്ലായിരുന്നു. പുഴയിൽ ഒഴുക്കും ശക്തമായിരുന്നു. മലർന്ന് കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ഇവർ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങൾ പിന്നിട്ട് ഒഴുകി പോകുകയായിരുന്നു

കുന്നത്തൂർ പാലത്തിന് മുകളിൽ നിന്ന ചിലർ ഇവർ ഒഴുകി പോകുന്ന ദൃശ്യം പകർത്തിയിരുന്നു. പക്ഷേ ജീവനുണ്ടെന്ന് ഇവർ കരുതിയിരുന്നില്ല. മൃതദേഹം ഒഴുകിപോകുന്നതായാണ് ഇവർ കരുതിയത്. ഉച്ചയോടെ മംഗലശേരി കടവിന് സമീപത്ത് നിന്ന് നിലവിളി കേട്ട പരിസരവാസികളാണ് വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്

ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. നാട്ടുകാർ വഞ്ചിയിറക്കി ശ്യാമളയമ്മയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ശ്യാമളയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല
 

Share this story