കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകള്‍; ഒറ്റ ദിവസം കൊണ്ട് കണ്ടെത്തിയത് അഞ്ച് ശംഖുവരയൻ പാമ്പുകളെ

Animal 1200

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്.

അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്‌തെന്ന് വീട്ടുകാര്‍ അറിയിച്ചു. വീടിന്റെ ബാത്‌റൂമില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂനൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കിടക്കയില്‍ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ പട്ടുവത്ത് പാമ്പ് കടിയേറ്റ വയോധിക ഗുരുതരാവസ്ഥയിലാണ്. പട്ടുവും കാവുങ്കലിലെ നമ്പ്രോന്‍ നാരായണി പരിയാരത്താണ് ചികിത്സയിലുളളത്. ഇന്നലെ വൈകുന്നേരമാണ് നാരായണിക്ക് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത് എന്നാണ് നിഗമനം.

പട്ടുവത്ത് പാമ്പ് കടിയേറ്റ് മറ്റൊരു വയോധിക ഇന്നലെ മരിച്ചിരുന്നു. മുതുകുട സ്വദേശി നഫീസയാണ് മരിച്ചത്. നഫീസയുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിനകത്ത് നിറയെ മാളങ്ങള്‍ ഉളളതായി കണ്ടെത്തി. നഫീസയെയും ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.

ഇടുക്കി തൊടുപുഴയില്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കാഞ്ഞാര്‍ താനിയ്ക്കപ്പാറയില്‍ വിശാലാക്ഷി(86)ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിശാലാക്ഷി പാമ്പുകടിയേറ്റ ഉടന്‍ അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അതീവ അപകടകാരി: ഇന്ത്യയിലെ 'ബിഗ് ഫോർ' (Big Four) വിഷപ്പാമ്പുകളിൽ ഒന്നാണ് ശംഖുവരയൻ (Common Krait). രാത്രികാലങ്ങളിൽ മാത്രം സജീവമാകുന്ന ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.
  • കടി തിരിച്ചറിയാൻ പ്രയാസം: ശംഖുവരയൻ കടിക്കുന്നത് പലപ്പോഴും ഉറക്കത്തിലായിരിക്കും. ഇവയുടെ പല്ലുകൾ വളരെ ചെറുതായതിനാൽ കടിയേറ്റ ഭാഗത്ത് വേദനയോ പാടുകളോ കണ്ടെന്നു വരില്ല.
  • ലക്ഷണങ്ങൾ: വയറുവേദന, സന്ധിവേദന, കണ്പോളകൾ തളരുക, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വീടുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • വിള്ളലുകൾ അടയ്ക്കുക: തറയിലോ ഭിത്തിയിലോ ഉള്ള വിള്ളലുകൾ സിമന്റ് ഉപയോഗിച്ച് ഉടൻ അടയ്ക്കുക. പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ ഇത്തരം ഇടങ്ങൾ സൗകര്യമൊരുക്കുന്നു.
  • പരിസരം വൃത്തിയാക്കുക: വീടിന് ചുറ്റുമുള്ള കാടുപിടിച്ച പ്രദേശങ്ങളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക.
  • ലൈറ്റ് ഉപയോഗിക്കുക: രാത്രിയിൽ വീടിന് പുറത്തിറങ്ങുമ്പോഴും ഇരുട്ടുള്ള മുറികളിൽ കയറുമ്പോഴും നിർബന്ധമായും ടോർച്ച് ഉപയോഗിക്കുക.
  • ഉറക്കം: നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കി കട്ടിലിൽ ഉറങ്ങാൻ ശ്രമിക്കുക. കൊതുകുവല ഉപയോഗിക്കുന്നത് പാമ്പുകളിൽ നിന്ന് സംരക്ഷണം നൽകും.

​പാമ്പുകളെ കണ്ടാൽ പരിഭ്രമിച്ച് അവയെ ഉപദ്രവിക്കാതെ ഉടൻ തന്നെ വനംവകുപ്പിനെയോ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരെയോ വിവരം അറിയിക്കുക. അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ജാഗ്രത പാലിക്കുക.

Tags

Share this story