കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നു. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജനാണ്(60) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ്(28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്
സംഭവസമയത്ത് രാജനും രാജേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ബന്ധുവീട്ടിൽ പോയതായിരുന്നു. മദ്യപിച്ചെത്തിയ രാജേഷ് അച്ഛനുമായി വഴക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിവരം അയൽവാസികളെ വിളിച്ചറിയിച്ച ശേഷം ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു
രാജേഷ് മദ്യലഹരിയിൽ ആയതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല. എന്നാൽ അച്ഛനും മകനും വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യ വിളിച്ചറിയിച്ചു. ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിലെത്തിയപ്പോഴാണ് രാജൻ മരിച്ചു കിടക്കുന്നത് കാണുന്നത്. രാജേഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.