ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ച സംഭവം: കൂടെയുണ്ടായിരുന്ന 5 പേർ കസ്റ്റഡിയിൽ

സ്പാ

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

​പുന്നമടയിലുള്ള 'ബട്ടർഫ്ലൈ സ്പാ'യിലെ ജീവനക്കാരിയായിരുന്നു ശരണ്യ. ഹൗസ്ബോട്ടിൽ സ്പാ ജോലികൾ ചെയ്യുന്നതിനായാണ് സഹപ്രവർത്തകയായ അസം സ്വദേശിനിയായ മറ്റൊരു യുവതിക്കൊപ്പം ശരണ്യ ബോട്ടിലെത്തിയത്. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് ശരണ്യ കായലിൽ വീണതെന്നാണ് പ്രാഥമിക വിവരം.

​ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. ശരണ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

​സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള ദുരൂഹതകളുണ്ടോ എന്നറിയാൻ കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags

Share this story