അടുത്ത തവണ തോൽക്കുമെന്ന് ഷാഫി പറമ്പിലിനോട് സ്പീക്കർ ഷംസീർ; സഭയിൽ ബഹളം

shafi

ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ വനിതാ കൗൺസിലർമാർക്കെതിരായ പോലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. 

അടിയന്തര പ്രമേയമായി വിഷയം പരിഗണിക്കാനാകില്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തത് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനിടെ ഷാഫി പറമ്പിലിനെതിരെ സ്പീക്കർ നടത്തിയ പരാമർശവും സഭയിൽ വലിയ ബഹളത്തിനിടയാക്കി

പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. ബാനറുകളുമായാണ് പ്രതിപക്ഷ പ്രതിഷേധം നടന്നത്. ഇതിനിടെയാണ് ഷാഫിക്കെതിരെ സ്പീക്കർ തിരിഞ്ഞത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. എല്ലാവരും ചെറിയ മാർജിനിൽ ജയിച്ചവരാണ്. അത് മറക്കണ്ട, അടുത്ത തവണ തോൽക്കും എന്നാണ് ഷാഫിയോടുള്ള സ്പീക്കറുടെ വാക്കുകൾ

സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി അടിയന്തര പ്രമേയം അവതരിപ്പിച്ചു. റോജി എം ജോണാണ് പ്രസംഗിച്ചത്.
 

Share this story