വന്ദേഭാരതിന്റെ വേഗം കൂട്ടുന്നു; മാധ്യമ വാര്‍ത്തകള്‍ തള്ളി റെയില്‍വേ: വേണാട്, പാലരുവി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റം

Vandhe Bharath

തിരുവനന്തപുരം-കാസര്‍കോട് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ. മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തകള്‍ തള്ളിയാണ്
റെയില്‍വേ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് 7 സ്റ്റോപ്പുകളാണുള്ളത്. നിശ്ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിന്‍ ഓടുന്നത്. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാനാകാത്തതെന്നും റെയില്‍വേ പറഞ്ഞു.

നൂറ് ശതമാനം കൃത്യത യാത്രയുടെ തുടക്കത്തിലും അവസാന സ്റ്റോപ്പിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ദിവസേന പാലിക്കുന്നുണ്ട്. ട്രാക്കുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മനസിലാക്കുന്നതിനാണു വന്ദേഭാരത് ട്രെയിന്‍ സ്റ്റോപ്പുകളില്ലാതെ ട്രയല്‍ റണ്‍ നടത്തിയത്. ഇതിനെ സാധാരണ ദിവസത്തെ സര്‍വീസുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കാനായി വേണാട് എക്‌സ്പ്രസും പാലരുവി എക്‌സ്പ്രസും പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിന്‍ ഓടുന്നത് ഈ ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചിട്ടില്ല. കായംകുളം-കോട്ടയം സെക്ഷനില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് ട്രെയിനുകളുടെ ഓട്ടത്തെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലതാമസത്തെ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെടുത്തരുതെന്നും റെയില്‍വേ വ്യക്തമാക്കി.

Share this story