എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് 5ന് ആരംഭിക്കും
Oct 29, 2025, 15:01 IST
ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷ 2026 മാർച്ച് അഞ്ചിന്. മാർച്ച് 30ന് പരീക്ഷ അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
പരീക്ഷകൾ രാവിലെ 9.30ന് ആരംഭിക്കും. ആകെ 3000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് അഞ്ച് മുതൽ 27 വരെയായിരിക്കും. ആറ് മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷയും നടക്കും.
4,25,000 കുട്ടികൾ ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതും. ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷ നടക്കും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ അടയ്‌ക്കേണ്ട അവസാന തീയതി.
