പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; വിദ്യാർഥിനിയെ പുതിയ സ്‌കൂളിൽ ചേർത്തു
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്‌കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്‌കൂളിലാണ് വിദ്യാർഥിനിയെ ചേർത്തത്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്‌ല കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു
സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്‌കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് വിദ്യാർഥിനിയുടെ അച്ഛനും തുടർ നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹർജി തീർപ്പാക്കിയത്.
ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നതു കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നുമായിരുന്നു സ്‌കൂൾ വാദിച്ചത്.
