വൈക്കം സത്യഗ്രഹം ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമെന്ന് സ്റ്റാലിൻ; ശതാബ്ദി ആഘോഷത്തിന് തുടക്കം

stalin

സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ ഇരു മുഖ്യമന്ത്രിമാരും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ച നടത്തി

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്‌നാട്ടിൽ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിട്ടും കേരളാ സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്

ഉടൽ രണ്ടാണെങ്കിലും ചിന്തകൾ കൊണ്ട് താനും പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ്‌നാടിന്റെ പേരിൽ സ്റ്റാലിൻ നന്ദി അറിയിച്ചു. ചാതുർവർണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 

Share this story