സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് തുടക്കം; കായിക കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേള ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറി.
4000 കായിക താരങ്ങളെ അണിനിരത്തിയ മാർച്ച് പാസ്റ്റോടെയായിരുന്നു കായിക മേളക്ക് ഔദ്യോഗിക തുടക്കമായത്. 3000 വിദ്യാർഥികൾ പങ്കെടുത്ത സാംസ്‌കാരിക പരിപാടി ഉദ്ഘാടനച്ചടങ്ങിന് മോടി കൂട്ടി. കായിക കേരളത്തിന് പ്രത്യേക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കായിക മേഖലയ്ക്ക് സർക്കാർ വലിയ പിന്തുണ കൊടുക്കുമെന്നും പുറത്തേക്ക് ഏത് മത്സരത്തിന് പോകുന്ന കുട്ടികൾക്കും ടിഎ, ഡിഎ എന്നിവ ഉറപ്പായും കൊടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലബാറിൽ അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം ഉണ്ടാക്കുമെന്നും കായിക കേരളം എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞു. പല ഘട്ടങ്ങൾ പിന്നിട്ടിട്ടാണ് കായികതാരങ്ങൾ ഇങ്ങോട്ടേക്ക് മത്സരിക്കാനെത്തിയത്. കേരളത്തിന്റെ പേരെടുത്ത പല കായികതാരങ്ങളും തുടക്കം കുറിച്ചത് സ്കൂൾ കായികമേളയിൽ നിന്നാണ്. പുതിയ സർക്കാർ, ഭിന്നശേഷി കുട്ടികളെ ഈ കായികമേളയോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. 500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലായിരുന്നു സ്ഥിതി. ഇപ്പോൾ 300 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000-ലേറെ പേര്‍ പങ്കെടുക്കുന്ന ഏഴു ദിവസത്തെ കായിക മാമാങ്കത്തിനാണ് കോഴിക്കോട് വേദിയാകുന്നത്. 'സേ നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്.
