റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

ഇഡി കൊച്ചി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. സിഎംആര്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് മൊഴി പിന്‍വലിക്കാനായി നല്‍കിയ പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ നിലപാട്.

മൊഴി പിന്‍വലിക്കണമെന്ന ഹസന്‍ വാരിസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ഇ ഡി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇത് ഇ ഡിയ്ക്ക് അയക്കേണ്ട സത്യവാങ്മൂലമല്ലെന്നും വിചാരണ സമയത്ത് കോടതിയില്‍ നല്‍കേണ്ടതായിരുന്നുവെന്നുമാണ് ഇ ഡിയുടെ നിലപാട്. സെക്ഷന്‍ 50 പ്രകാരം ഇ ഡിക്ക് മുമ്പാകെ നല്‍കുന്ന മൊഴി നിലനില്‍ക്കുമെന്ന് ഇ ഡി വിശദീകരിച്ചു. ഹസന്‍ വാരിസിനെ ചോദ്യം ചെയ്തത് ഉള്‍പ്പെടെ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും ഇ ഡി വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്തായ ഹസ്സന്‍ വാരിസ് പറഞ്ഞത്. മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നല്‍കിയെന്ന് ഹസ്സന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു.കഴിഞ്ഞ മാസം 18നാണ് കോഴിക്കോടുള്ള ഹസ്സന്‍ വാരിസിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്.

റിയാസിന്റെ കള്ളപ്പണം ദുബായിലുള്ള ഫൈജാസിന് കടത്താന്‍ വാരിസ് ഇടനിലക്കാരനായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വാരിസ് ഒപ്പിട്ട് നല്‍കിയ മൊഴിയില്‍ ഇക്കാര്യം ഉണ്ടായിരുന്നു. റിയാസിനെതിരായ നിര്‍ണ്ണായക തെളിവായാണ് വാരിസിന്റെ മൊഴിയെ ഇഡി കണ്ടത്. എന്നാല്‍ 20ന് ഈ മൊഴി പിന്‍വലിച്ച് വാരിസ് ഇഡിക്ക് നല്‍കിയ സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് ഇ ഡി വിശദമാക്കിയിരിക്കുന്നത്.

Tags

Share this story