രേഖകൾ നശിപ്പിക്കാനുള്ള തന്ത്രം; തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയെന്ന് സതീശൻ

VD Satheeshan

കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നത് അവിശ്വസനീയമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു

കൊല്ലത്തും തിരുവനന്തപുരത്തും നടന്ന തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തിനശിച്ചു. ഇതിന് പിന്നിൽ അട്ടിമറിയുണ്ട്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ടായിരുന്നില്ല. തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വർണക്കടത്തും റോഡിലെ ക്യാമറയും വിവാദമായ്‌പോൾ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. 

നിർണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നിൽ. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. രണ്ട് വർഷത്തിനിടെ 9 എംഡിമാർ മെഡിക്കൽ സർവീസസ് കോർപറേഷനിൽ മാറിമാറി വന്നു. ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
 

Share this story