കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം; കക്ഷി രാഷ്ട്രീയ നിറം നൽകരുതെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരായ സമരത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണ്. ആരെയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിനായി ഡൽഹിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ചരിത്രത്തിൽ കീഴ് വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിനില്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. 

സഹകരണ ഫെഡറലിസം എന്ന ആശയം ഈ അടുത്ത് കേന്ദ്ര നടപടികളൂടെ നഷ്ടമായി. ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സംസ്ഥാനങ്ങളോട് പീഡന നയമാണ്. വായ്പാപരിധിയിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story