തായ്‌കോണ്ടോ മത്സരത്തിനിടെ ചവിട്ടേറ്റ് വിദ്യാർഥി വെന്റിലേറ്ററിൽ; റഫറിക്കെതിരെയും എതിർതാരത്തിനെതിരെയും കുടുംബം നിയമനടപടിയിലേക്ക്

തൃശ്ശൂർ

തൃശൂർ: മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്‌ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെ (17) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷമാണ് തലയിൽ കിക്ക് ചെയ്തതെന്നും ഫൈസിന് നീതി ലഭിക്കമെന്നും കുട്ടിയുടെ പിതൃ സഹോദരൻ മുജീബ് പറഞ്ഞു.

മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിന്‍റെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്തു. എന്നാൽ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാർത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു മീറ്ററിനുള്ളിൽ ഉണ്ടാവണം എന്നത് അടക്കമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ ഫൈസിന്റെ അച്ഛനും അമ്മയും സിബിഎസ്ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. ഫൈസിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും കുടുംബം അറിയിച്ചു. കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്. ഫൈസ് അബോധാവസ്ഥയിലാണ്. മത്സരസമയത്ത് ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിലെ രക്തം കട്ടപിടിക്കുകയായിരുന്നു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി. തുടർന്നാണ് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് വിദ്യാർഥി.

Tags

Share this story